ജമ്മുവിലെ വ്യോമകേന്ദ്രത്തിനു നേരേ ഭീകരരുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാലിനാണ് യോഗം ആരംഭിച്ചത്. സ്ഥിതിഗതികള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.
ഇന്നലെ ജമ്മുവിലെ സൈനിക കേന്ദ്രത്തിനു സമീപത്തും രണ്ടു ഡ്രോണുകള്‍ കണ്ടതോടെ സൈന്യം അതീവജാഗ്രതയിലാണ്. രണ്ടു ഡ്രോണുകളും സൈന്യം വെടിവച്ച് തുരത്തുകയായിരുന്നു. പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയ്ബയാണ് ആക്രമണത്തിനു പിന്നിലെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ് വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമകേന്ദ്രത്തിനു നേരേ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സൈനിക കേന്ദ്രത്തിനു നേരേ ഡ്രോണ്‍ ആക്രമണം.