സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളിൽ കള്ളപ്പണ നിക്ഷേപ രേഖകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേരളത്തിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയില്‍ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശത്തെ വസ്തുവകകള്‍ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഓഫിസുകളിൽനിന്നും ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ കണ്ടെത്തി. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡിനെത്തിയത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതോടെ ഇഡി ഉദ്യോസ്ഥരെ തടയാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിൽ പോപ്പുലർഫ്രണ്ട് ഡിവിഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമർ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തർ എത്തിയാണ് തടയാൻ ശ്രമിച്ചത്.