ഇലക്ട്രിക് കാറുകൾ 10 മിനിറ്റിനകം ചാർജ് ചെയ്യാവുന്ന സ്റ്റേഷൻ തുറന്ന് ഹൈടെക് വികസന ട്രാക്കിൽ ഖത്തർ. കത്താറ കൾചറൽ വില്ലേജിലാണ് രാജ്യത്തെ ഏറ്റവും വേഗമേറിയ ചാർജിങ് സ്റ്റേഷൻ സജ്ജമാക്കിയത്. 8 സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
സ്റ്റേഷനിൽ 180 കിലോവാട്ട് ശേഷിയുള്ള ചാർജർ ആണു സ്ഥാപിച്ചതെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) പ്രസിഡന്റ് ഇസ ബിൻ ഹിലാൽ അൽ ഖുവാരി പറഞ്ഞു. മിസൈദിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ ഉൾപ്പെടെ കഹ്‌റാമയുടെ 19-ാമത് സ്റ്റേഷനാണിത്. മുവാസലാത്ത് കെട്ടിടത്തിൽ ഇലക്ട്രിക് ബസുകൾക്ക് 2 ചാർജിങ് സ്റ്റേഷനുകളുണ്ട്.
രാജ്യത്ത് 100 ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനാണു പദ്ധതി. ഷോപ്പിങ് മാളുകൾ, സർക്കാർ മന്ദിരങ്ങൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷൻ പാർക്കിങ് തുടങ്ങിയവയോടനുബന്ധിച്ചാണു സ്റ്റേഷനുകൾ തുറക്കുക. 2022 ഫിഫ ലോകകപ്പിന് മുൻപ് രാജ്യത്തെ പൊതുവാഹനങ്ങളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാകുമെന്നും വ്യക്തമാക്കി.