ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസ് വിജയം. 368 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 5–ാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 210 റൺസിന് എല്ലാവരും പുറത്തായി. സ്കോർ: ഇന്ത്യ 191, 466; ഇംഗ്ലണ്ട് 290, 210. ജയത്തോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തി.
3 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, 2 വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ എന്നിവരുടെ ബോളിങ് മികവാണ് ഇന്ത്യയെ അവിസ്മരണീയ ജയത്തിലെത്തിച്ചത്. ഡേവിഡ് മലാൻ റണ്ണൗട്ടാകുകയായിരുന്നു.
ആദ്യ വിക്കറ്റിൽ റോറി ബേൺസ്– ഹസീബ് ഹമീദ് സഖ്യം 100 റൺസ് ചേർത്തതിനു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കൂട്ടത്തകർച്ച. 59 ഓവറിൽ 131–2 എന്ന സ്കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് പിന്നീട് അധികം നീണ്ടില്ല. വഴിക്കു വഴിയായി വിക്കറ്റുകൾ വീണതോടെ 193–8 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ചായയ്ക്കു പിരിഞ്ഞത്. മൂന്നാം സെഷന്റെ തുടക്കത്തിൽത്തന്നെ മത്സരവും അവസാനിച്ചു.