ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കാന്‍ ശ്രമം. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു മനോരമ ന്യൂസിനോട് വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിയും രംഗത്തെത്തി.
സ്വർണംകെട്ടിയ 81 രുദ്രാക്ഷമണികൾ അടങ്ങിയ മാല നഷ്ടപ്പെട്ടുവെന്നാണ് ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ. മാലയ്ക്ക് നാലു പവനിനടുത്ത് തൂക്കമുണ്ടായിരുന്നു. കഴിഞ്ഞമാസം പുതിയ മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിൽ 72 രുദ്രാക്ഷം അടങ്ങിയ മറ്റൊരു മാലയാണ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട വിവരം ഒരു മാസം കഴിഞ്ഞിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അറിഞ്ഞിരുന്നില്ല.
ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തൽ. വിവരം നേരത്തേതന്നെ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു എന്നാണ് ഉപദേശക സമിതിയുടെ വിശദീകരണം. സംഭവത്തിൽ ദേവസ്വം അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നു. വിഷയത്തിൽ ദേവസ്വം ബോർഡും ഉപദേശക സമിതിയും ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്. ദേവസ്വം വിജിലൻസും തിരുവാഭരണം കമ്മിഷണറും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസമാണ് പുതിയ മേൽശാന്തി ചുമതലയേറ്റത്. പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു മേൽശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ദേവസ്വം വിജിലൻസിനും പരാതി ലഭിച്ചിരുന്നതായി വിജിലൻസ് എസ്പി പി.ബിജോയ് പറഞ്ഞു.