യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി ഇറ്റലിയിലെ സിറാക്കൂസ പട്ടണം.ഭാവിയില്‍ താപനില 50.0 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതലാകുമെന്ന ആശങ്കകള്‍ ഉയര്‍ത്തുന്നതായി യുകെയിലെ എംഇടി ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
48.8 ഡിഗ്രി സെല്‍ഷ്യസാണ് സിസിയിലെ സിറാക്കൂസ പട്ടണത്തില്‍ രേഖപ്പെടുത്തിയ ചൂട്. 1977ല്‍ ഗ്രീസിലെ ആതന്‍സില്‍ രേഖപ്പെടുത്തിയിരുന്ന 48 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ഉയര്‍ന്ന് ചൂടാണിതെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്.ലൂസിഫര്‍ എന്നു പേരു നല്‍കിയിട്ടുള്ള ചുഴലിക്കാറ്റാണ് ഇറ്റലിയില്‍ ഉഷ്ണതരംഗത്തിന് കാരണമായത്
ഇറ്റലിയുടെ വടക്കുഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്ന കാറ്റ് തലസ്ഥാനമായ റോം നഗരത്തില്‍ ഉള്‍പ്പെടെ താപനില ഉയര്‍ത്തിയിട്ടുണ്ട്. കനത്ത ചൂടിനെതുടര്‍ന്ന് വിവിധ മേഖലകളില്‍ ആരോഗ്യമന്ത്രാലയം ചുവപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന നഗരങ്ങളുടെ എണ്ണം എട്ടില്‍നിന്നും 15 ആയി ഉയര്‍ന്നിട്ടുണ്ട്. സിസ്ലിയും കാലബ്രിയയിലും അടക്കം 300 തീപ്പിടിത്തങ്ങള്‍ അണയ്ക്കാനുള്ള ദൗത്യത്തിലാണ് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ .
ആയിരത്തോളം ഏക്കര്‍ പ്രദേശത്തേക്ക് തീ പടര്‍ന്നിട്ടുണ്ട്. തീപ്പിടിത്തങ്ങളില്‍ ഇതുവരെ നാല്‌പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാലാവസ്ഥാ വ്യതിയാനം കനത്ത ചൂടിനും വരണ്ട കാലാവസ്ഥ തീപ്പിടിത്തത്തിനും കാരണമായതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി
‘2019 ജൂണിലാണ് അദ്യമായി ഏറ്റവും കൂടുതല്‍ ചൂട് ഫ്രാന്‍സില്‍ രേഖപ്പെടുത്തുന്നത്. 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു അത്. കാലാവസ്ഥാ വ്യതിയാനം നിലവിലെ താപനില കൂടുതല്‍ തീവ്രമാക്കി.
വ്യാവസായിക യുഗ കാലഘട്ടം മുതല്‍ (1850-1900) ഭൂമിയുടെ ശരാശരി ഉപരിതല താപനില ഏകദേശം 1.1 ഡിഗ്രി ആയി വര്‍ദ്ധിച്ചിട്ടുണ്ട്, എന്നാല്‍ ചില പ്രദേശങ്ങളിലെ ശരാശരി താപനില വലിയ അളവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വടക്കേ ആഫ്രിക്കയിലെ ശരാശരി താപനില 2.0 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി യുകെ മെറ്റ് ഓഫീസ് പറയുന്നു.
പതിറ്റാണ്ടിനിടെ ഗ്രീസിലുണ്ടായ ഏറ്റവും കഠിനമായ ഉഷ്ണതരംഗതതെ തുടര്‍ന്നുണ്ടായ കാട്ടുതീയില്‍ ഒരു ലക്ഷം ഹെക്ടറിലധികം വനങ്ങളും കൃഷിയിടങ്ങളുമാണ് നശിപ്പിച്ചത്. .
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലില്‍ നിന്നുള്ള ‘കോഡ് റെഡ്’ റിപ്പോര്‍ട്ട് കാലാവസ്ഥയുമായി ബന്ധപ്പെട്ട വലിയ മുന്നറിയിപ്പുകള്‍ തന്നെ നല്‍കുന്നുണ്ട്. മുമ്പ് ഭയപ്പെട്ടിരുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഭൂമി ചൂടാകുന്നുവെന്നാണ് മുന്നറിയിപ്പ്.