2022 ഫിഫ ഖത്തർ ലോകകപ്പിലേക്ക് ഇനി അഞ്ഞൂറിൽ താഴെ ദിനങ്ങൾ മാത്രം ശേഷിയ്ക്കവേ ആഗോള തലത്തിൽ കാൽപന്തുകളിയുടെ കളിയാവേശം പകർന്ന് ഖത്തർ. കിക്കോഫിന് തയാറെടുത്ത് സ്റ്റേഡിയങ്ങളും. 2022 നവംബർ 21ന് ഫിഫയുടെ 22-ാമത് ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിൽ തുടക്കമാകുമ്പോൾ മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും പ്രഥമ ലോകകപ്പിന് കൂടിയാണ് ഖത്തർ വേദിയാകുന്നത്.
60,000 പേർക്ക് ഇരിപ്പിടമുള്ള അൽഖോറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരങ്ങൾ. 80,000 പേർക്കിരിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലിലാണ് 2022 ഡിസംബർ 18ന് ഫൈനൽ . എക്കാലത്തെയും മികച്ചതും സുരക്ഷിതവും അവിസ്മരണീയവുമായ ലോകകപ്പ് ആണ് ഖത്തർ ലോകത്തിന് സമ്മാനിക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി ലോകകപ്പിനുള്ള തയാറെടുപ്പിലാണ് ഖത്തർ. ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകുന്ന എല്ലാ എട്ടു സ്റ്റേഡിയങ്ങളും ദോഹ നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ.
കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കുമെല്ലാം ലോകകപ്പ് മത്സരങ്ങൾ കഴിയുന്നത് വരെ വിവിധയിടങ്ങളിലേക്ക് താമസം മാറേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. ഫാൻ സോണുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമെല്ലാം അടുത്തു തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന് വലിയ അഭിമാനമാണെന്നും ഫിഫ ലോകകപ്പ് ഖത്തർ 2022 എൽഎൽസി സിഇഒ നാസർ അൽ ഖാദർ വ്യക്തമാക്കി. ലോകകപ്പ് അടിസ്ഥാന സൗകര്യങ്ങൾ 95 ശതമാനവും എട്ടെണ്ണത്തിൽ അഞ്ചു സ്റ്റേഡിയങ്ങൾ പൂർത്തിയായി.
മൂന്നെണ്ണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ഈ വർഷം ഡിസംബറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന് ലോകകപ്പിന്റെ ആറു സ്റ്റേഡിയങ്ങൾ വേദിയാകും.