ഉയര്‍ന്ന ഇന്ധനവില സംബന്ധിച്ച് ആളുകള്‍ സ്വന്തം സംസ്ഥാന സര്‍ക്കാരുകളോടു ചോദിക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വില താഴ്ത്തുന്നതിനായി സംസ്ഥാനങ്ങള്‍ വാറ്റ് കുറയ്ക്കണമെന്നും നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. ജിഎസ്ടി കൗണ്‍സില്‍ തീരുമാനം എടുക്കുംവരെ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ആക്കാന്‍ കഴിയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് എല്ലാ മുഖ്യമന്ത്രിമാരുമായും ധനമന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിര്‍മല സീതാരാമന്‍ മാധ്യമങ്ങളെ കണ്ടത്. ഇന്ധനവില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രം പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 5 രൂപയും ഡീസല്‍ തീരുവ 10 ശതമാനവു കുറച്ചിരുന്നു.
കേന്ദ്രത്തിനു പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിനു തയാറായില്ല. വര്‍ധിപ്പിച്ച നികുതി കേന്ദ്രം തന്നെ കുറയ്ക്കണമെന്നാണ് കേരളം ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. സംസ്ഥാനം ഇതുവരെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും വിലവര്‍ധനയ്ക്കു കാരണം കേന്ദ്രത്തിന്റെ നടപടികളാണെന്നുമാണ് കേരളത്തിന്റെ നിലപാട്.