ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലം കലർന്ന സ്റ്റിക്കറുകളിലൂടെ ആക്ഷേപിക്കുകയും ചെയ്ത െഎഎഎസ് ഉദ്യാഗസ്ഥൻ എൻ. പ്രശാന്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
ഐപിസി 509 വകുപ്പു പ്രകാരം പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് നടപടിയിലേയ്ക്ക് പൊലീസ് ഇപ്പോൾ പോകില്ലെന്നാണ് വിവരം. കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതായി എഫ്ഐആറിൽ പറയുന്നു.
ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡിയായ പ്രശാന്തിനോട് ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് മാധ്യമപ്രവർത്തക അയച്ച സന്ദേശത്തിനാണ് അശ്ലീലം കലർന്ന സ്റ്റിക്കറുകളിലൂടെ പ്രതികരിച്ചത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെ പ്രശാന്തിനെതിരെ വൻ വിമർനം ഉയർന്നിരുന്നു. പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.