പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ മരിച്ച അപകടത്തിൽ വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ പൊലീസ് കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ മൂന്നു ദിവസത്തെ കസ്റ്റഡിക്കാണ് അപേക്ഷ നൽകിയത് എങ്കിലും ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയുള്ള മൂന്നു മണിക്കൂർ മാത്രമാണ് കോടതി കസ്റ്റഡിയിൽ നൽകിയത്. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് കുറഞ്ഞ സമയത്തേയ്ക്കു മാത്രം കസ്റ്റഡിയിൽ നൽകിയത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്താണ് പൊലീസ് അബ്ദുൾ റഹ്മാനെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തിരിക്കുന്നത്.
അപകടത്തിന്റെ അന്വേഷണം കൂടുതൽ ദുരൂഹതകളിലേക്കു വിരൽ ചൂണ്ടുന്ന സാഹചര്യത്തിൽ അബ്ദുൾ റഹ്മാന്റെ മൊഴി നിർണായകമാണ്. എന്തുകൊണ്ട് അതിവേഗം വാഹനം ഓടിച്ചു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദീകരണം നൽകേണ്ടത് ഇയാളാണ്. മോഡലുമായി സഞ്ചരിച്ച കാറിനെ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ നിന്നുള്ള കാർ പിന്തുടർന്നത് എന്തിനാണ് എന്നതിൽ വ്യക്തത വരാനുണ്ട്. കാറുകൾ മൽസര ഓട്ടം നടത്തിയതായി ഇവരെ പിന്തുടർന്ന കാർ ഡ്രൈവർ എറണാകുളം സ്വദേശി സൈജു കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പ്രതികൾ പങ്കെടുത്ത പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ സൂചനകൾ പുറത്തു വരുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കിയതും പൊലീസിനു പിടികൊടുക്കാതെ ഹോട്ടൽ ഉടമ മുങ്ങിയതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടത് ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴിയിൽ നിന്നാണ്.