ആദ്യ മത്സരത്തിൽ ജർമനിയെ വീഴ്ത്തിയ ഫ്രാൻസിനെതിരെ, അവരുടെ പെരുമ വകവെക്കാതെയാണ് ഹങ്കറി കളിച്ചത്.
ബുഡാപെസ്റ്റ്: യൂറോകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ സമനിലയിൽ പൂട്ടി ഹങ്കറി. സ്വന്തം ആരാധകർക്കു മുന്നിൽ 1-1 സ്‌കോറിനാണ് ഫിഫ റാങ്കിങിൽ 37-ാം സ്ഥാനത്തുള്ള ഹങ്കറി ലോകചാമ്പ്യന്മാരെ തളച്ചത്. ആദ്യപകുതിയിൽ ആറ്റില്ല ഫിയോലയുടെ ഗോളിൽ ആതിഥേയർ മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയിൽ ആന്റോയ്ൻ ഗ്രീസ്മൻ ആണ് ഫ്രഞ്ച് സൈന്യത്തിന്റെ മാനം കാത്തത്. ആദ്യ മത്സരത്തിൽ ജർമനിയെ വീഴ്ത്തിയ ഫ്രാൻസിനെതിരെ, അവരുടെ പെരുമ വകവെക്കാതെയാണ് ഹങ്കറി കളിച്ചത്.
ആദ്യപകുതിയിൽ വ്യക്തമായ ആധിപത്യം ഫ്രഞ്ചുകാർക്കുണ്ടായിരുന്നെങ്കിലും മികച്ച പ്രത്യാക്രമണങ്ങളിലൂടെ ഹങ്കറി തിരിച്ചടിക്കുകയും ചെയ്തു. മുന്നേറ്റ നിരയിൽ കരീം ബെൻസേമയും കിലിയൻ എംബാപ്പെയും അവസരങ്ങൾ തുലച്ചപ്പോൾ കളിയുടെ ഗതിക്കു വിപരീതമായി ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിലാണ് ഫ്രഞ്ച് വലയിൽ പന്തെത്തിയത്. മൈതാനമധ്യത്തുനിന്ന് റോളൻ സലായ് ഉയർത്തി നൽകിയ പന്തുമായി ബോക്‌സിൽ പ്രവേശിച്ച ഫയോല, പ്രതിരോധക്കാരെയും ഗോൾകീപ്പറെയും നിസ്സഹായരാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. മധ്യനിര താരം ആഡ്രിയൻ റാബിയോട്ടിനു പകരം ഉസ്മാൻ ഡെംബലെയെ കളത്തിലിറക്കിയ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സിന്റെ നീക്കം ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച നൽകി.
ഗ്രൗണ്ടിലെത്തി മിനുട്ടുകൾക്കകം ഹങ്കേറിയൻ ഡിഫൻസിനെ അങ്കലാപ്പിലാക്കി ഡെംബലെ തൊടുത്ത ഷോട്ട് ബാറിൽ തട്ടി പുറത്തുപോവുകയും ചെയ്തു. 65-ാം മിനുട്ടിൽ ഫ്രഞ്ച് ബോക്‌സിനു സമീപം ഹങ്കറിക്കു കിട്ടിയ ഫ്രീകിക്ക് പിടിച്ചെടുത്ത ഫ്രാൻസ് കീപ്പർ ഹ്യൂഗോ ലോറിസ് ആണ് ഗോളിനുള്ള അവസരമൊരുക്കിയത്. ടോട്ടനം കീപ്പർ ഉയർത്തി നൽകിയ പന്ത് എതിർ ഗോൾമുഖത്ത് സ്വീകരിച്ച എംബാപ്പെ, ഗോൾമുഖത്തിന് സമാന്തരമായി ക്രോസ് ചെയ്തു. ഇന്നർ ബോക്‌സിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഹങ്കറി ഫുൾബാക്ക് വില്ലി ഓർബന് പിഴച്ചപ്പോൾ ഓടിക്കയറി വന്ന ഗ്രീസ്മൻ കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. സമനില ഗോളിന് ശേഷവും ഹങ്കറി മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്. പോഗ്ബയെ പിൻവലിച്ച് ടൊലീസോയെയും ബെൻസേമക്കു പകരം ഒലിവർ ഗിറൂദിനെയും കളത്തിലിറക്കി ഫ്രാൻസ് ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും അവർ കുലുങ്ങിയില്ല. എംബാപ്പെയുടെ കരുത്തുറ്റ ഷോട്ട് തടഞ്ഞിട്ട് കീപ്പർ പീറ്റർ ഗുലാഷിയും മികവിലേക്കുയർന്നു.