മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് രാജി. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഗുലാം നബി രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ചു പേജുള്ള രാജിക്കത്തു നൽകിയാണ് ഗുലാം നബി പാർട്ടി വിടുന്നത്. കോൺഗ്രസ് പാർട്ടിയുമായി അദ്ദേഹത്തിനു വർഷങ്ങളായുള്ള ആത്മബന്ധവും ഇന്ദിരാ ഗാന്ധിയുമായുള്ള അടുപ്പവും കത്തിൽ പരാമർശിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിന്റെ നിലവിലെ നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് ഗുലാം നബി ഉന്നയിച്ചിരിക്കുന്നത്.
തിരിച്ചു പോകാനാകാത്ത ഒരു അവസ്ഥയിലേക്കു കോൺഗ്രസ് എത്തിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇതു കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒൻപതു വർഷമായി നൽകിയ നിർദേശങ്ങളെല്ലാം ചവറ്റുകുട്ടയിലാണ്.
കഴിഞ്ഞ എട്ടു വർഷത്തിനിടെയാണ് പാർട്ടിയുടെ നില ഇത്രയും താളം തെറ്റിയത്. പാർട്ടി തലപ്പത്തേക്കു കാര്യങ്ങളെ ഗൗരവമായി കാണാത്ത ഒരാളെ തിരുകി കയറ്റാനുള്ളശ്രമം നടത്തിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം വിമർശിച്ചു. 2019 തിരഞ്ഞെടുപ്പിനു പിന്നാലെ രാഹുൽ ഗാന്ധി നേതൃസ്ഥാനത്തുനിന്നു പടിയിറങ്ങി. ഇതിനു പിന്നാലെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. പാർട്ടിക്കായി ജീവൻ നൽകിയ മുതിർന്ന നേതാക്കളെല്ലാം അവഹേളിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ചതിനു തൊട്ടുപിന്നാലെയാണു പാർട്ടിയിൽനിന്നുതന്നെ ഗുലാം നബി പടിയിറങ്ങുന്നത്. സോണിയ ഗാന്ധി ഏൽപ്പിച്ച പദവി ഒഴിഞ്ഞ് കോൺഗ്രസിനെ ഞെട്ടിച്ച ഗുലാം നബി പാർട്ടിക്കു നൽകുന്ന ഇരട്ട പ്രഹരമാകും ഇത്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് രാജിവച്ചിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുൻ അംഗവും വിമത ജി 23 സംഘത്തിലെ പ്രധാനിയുമാണ് ഗുലാം നബി. മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്നു.