സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.
കേസുമായി ബന്ധപ്പെട്ട് എതിര്‍ കക്ഷികളായ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ എന്നീ മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.
സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജന്‍സിക്കെതിരേ സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാന്‍ അധികാരമില്ലെന്നും ഈ കമ്മീഷനെ നിശ്ചയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അധികാരദുര്‍വിനിയോഗമാണെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്. കമ്മീഷന് നിയമപരമായി ഒരു സാധുതയും ഇല്ലെന്നും ഇഡി കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി.
ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്. റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷനായ കമ്മീഷനായിരുന്നു ജുഡീഷ്യല്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പലര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇഡിക്കെതിരായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തിരിക്കുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.