സിപിഎം പ്രവർത്തകൻ പുന്നോൽ കെ.ഹരിദാസൻ വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽദാസ് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സംഭവത്തിലും പ്രതിയെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നു വീട് ആക്രമിച്ചതിലും സിപിഎം പ്രാദേശിക നേതൃത്വത്തിനു വീഴ്ചയുണ്ടായെന്നു വിമർശനം.
പാർട്ടി അംഗങ്ങളും അനുഭാവികളുമായവരുടെ വീടുകൾ ചുറ്റുമുണ്ടായിട്ടും സിപിഎം പ്രവർത്തകന്റെ കൊലപാതകക്കേസിൽ പ്രതിയായ നിജിൽദാസ് ഇവിടെ ഒളിവിൽ താമസിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പ്രാദേശിക നേതാക്കൾക്കെതിരെ ഉയരുന്നത്.
വെള്ളിയാഴ്ച പുലർച്ചെ പ്രതിയെ ഇവിടെ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം രാത്രി എട്ടരയോടെ ഒരുസംഘം വീടു വളഞ്ഞ് ജനൽച്ചില്ലുകൾ തല്ലിത്തകർത്തതും ബോംബുകളെറിഞ്ഞതും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നു മുതിർന്ന പാർട്ടി പ്രവർത്തകർക്ക് അഭിപ്രായമുണ്ട്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നു വിളിപ്പാടകലെയുള്ള വീട്ടിൽ ബോംബ് എറിഞ്ഞത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയായും വിമർശിക്കപ്പെട്ടു.
കേസിൽ അറസ്റ്റിലായ അധ്യാപിക രേഷ്മ, ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിലിൽ നിന്നു പുറത്തുവന്നപ്പോൾ സ്വീകരിക്കാൻ തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ കെ.അജേഷ് എത്തിയത് ഇവരുടെ സംഘപരിവാർ ബന്ധത്തിനു തെളിവായി സിപിഎം ചൂണ്ടിക്കാട്ടുന്നു.