ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം. സർവകലാശാല ഡിഗ്രി പരീക്ഷകളും ഇന്ന് ആരംഭിക്കും. ഏകദേശം ആറു ലക്ഷത്തോളം വിദ്യാർഥികളാണ് വിവിധ പരീക്ഷകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുക. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിക്കും.
2024 കേന്ദ്രങ്ങളിലായി 4.5 ലക്ഷം വിദ്യാർഥികളാണ് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയ്ക്കെത്തുന്നത്. വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ലാബിൽ പ്രവേശിപ്പിക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികൾക്കു പ്രത്യേക മുറിയിലായിരിക്കും പരീക്ഷ. ഉപകരണങ്ങൾ അണുനശീകരണം നടത്തും.
ഒരു വിദ്യാർഥി ഉപയോഗിച്ച ഉപകരണം മറ്റൊരു വിദ്യാർഥിക്ക് കൈമാറരുതെന്നും ലാബുകളിൽ എസി പാടില്ലെന്നും സ്കൂളുകൾക്കു നിർദേശം നൽകി. വൈവ, പ്രൊസീജ്യർ എഴുതൽ എന്നിവ ലാബിനു പകരം മറ്റു ക്ലാസുകളിൽ നടത്തണം.
വിദ്യാർഥികളും അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും ഇരട്ട മാസ്ക് ധരിക്കണം. കോവിഡ് സ്ഥിരീകരിച്ചവർക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയ്ക്കു 2 മണിക്കൂറും കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ഒന്നര മണിക്കൂറും ബോട്ടണി, സുവോളജി എന്നിവയ്ക്ക് ഒരു മണിക്കൂറുമാണ് സമയം.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന 39 ഹയർ സെക്കൻഡറി സ്കൂളുകളിൽ പരീക്ഷ മാറ്റിവച്ചു. ഈ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സമീപത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജൂലൈ 12നു ശേഷം പരീക്ഷ നടത്തും. ഇതോടെ ഫലപ്രഖ്യാപനം വീണ്ടും നീളും. ജൂലൈ മൂന്നാം വാരം ഫലം പ്രഖ്യാപിക്കാനാണു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്.