റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ഇന്ത്യയിലെ റഷ്യൻ എംബസി. വോട്ടെടുപ്പിലെ ഇന്ത്യയുടെ സ്വതന്ത്രവും സന്തുലിതവുമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്ന് എംബസി ട്വീറ്റ് ചെയ്തു.
യുക്രെയിനിലെ സംഭവവികാസങ്ങളിൽ ഇന്ത്യയുമായി തുടർന്നും ചർച്ച ചെയ്യാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും ട്വീറ്റിൽ പറയുന്നു. പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാൻ അമേരിക്കയുടെ കടുത്ത സമ്മർദമുണ്ടായിട്ടും ഇന്ത്യ വോട്ടെടുപ്പിൽ വിട്ടുനിൽക്കുകയായിരുന്നു.
15 അംഗ സമിതിയിൽ ഇന്ത്യയോടൊപ്പം ചൈനയും യുഎഇയും വിട്ടുനിന്നു. വോട്ടെടുപ്പിന് മണിക്കൂറുകൾ മുൻപ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെ ഫോണിൽ വിളിച്ച് പിന്തുണ അഭ്യർഥിച്ചിരുന്നു.