ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) വെബ്സൈറ്റിന്റെ ഹോം പേജിലെ പോസ്റ്ററിൽനിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിൽ വിശദീകരണവുമായി ഐസിഎച്ച്ആർ. ഇതു പരിപാടിയുടെ ആദ്യ ഘട്ട പോസ്റ്റർ മാത്രമാണെന്നും അടുത്ത പോസ്റ്ററിൽ നെഹ്റുവിനെയും ഉൾപ്പെടുത്തുമെന്നും ഐസിഎച്ച്ആർ ഡയറക്ടർ ഓംജീ ഉപാധ്യായ് പറഞ്ഞതായി ‘ദ് പ്രിന്റ്’ റിപ്പോർട്ട് ചെയ്തു.
സ്വാതന്ത്ര സമരത്തിൽ ഉൾപ്പെട്ട ആരുടെയും പങ്ക് ഇല്ലാതാക്കി കാണിക്കാൻ ശ്രമിക്കുന്നിലെന്നും ഐസിഎച്ച്ആറിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ‘ആസാദീ കാ അമൃത് മഹോൽസവ്’ എന്ന പേരിൽ ഐസിഎച്ച്ആർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പോസ്റ്ററിൽ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്. നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി വി.ഡി.സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തി. പിന്നാലെയാണ് ഇതിൽ വിശദീകരണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് രംഗത്തുവന്നത്. ചരിത്രപുസ്തകത്തിൽ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയർത്തിക്കാട്ടുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഐസിഎച്ച്ആർ ഡയറക്ടര്‍ പറയുന്നു.