ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. രണ്ടു ഷട്ടറുകൾ കൂടി അൽപസമയത്തിനകം ഉയർത്തും. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ 3 മുന്നറിയിപ്പ് സൈറൺ മുഴക്കിയശേഷമാണ് ഡാം തുറന്നത്. നിലവിലെ ജലനിരപ്പ് 2398.08 അടിയാണ്. മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റർ വീതമാണ് ഉയർത്തുന്നത്.
സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകൾ ഉയർത്തുമ്പോൾ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.
വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂള്‍ കര്‍വ് പ്രകാരം 2397.8 അടി എത്തിയാല്‍ റെഡ് അലർട്ട് പ്രഖ്യാപിക്കണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ റെഡ് അലർട്ട് കഴിഞ്ഞാൽ ഷട്ടറുകള്‍ തുറക്കണം.
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. മൂന്നുവർഷത്തിനു ശേഷം വീണ്ടും ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനായ കുറ്റമുറ്റ മുന്നൊരുക്കങ്ങളാണ് നടന്നത്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
2018 ഓഗസ്റ്റ് ഒൻപതിനാണ് ഇതിനു മുൻപ് ഇടുക്കി ഡാം തുറന്നത്. 26 വർഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോൾ അഞ്ചു ഷട്ടറുകൾ ഉയർത്തേണ്ടിവന്നു. ഇന്നു രാവിലെ പമ്പ, ഇടമലയാർ ഡാമുകളുടെ രണ്ടു ഷട്ടറുകൾ വീതം തുറന്നിരുന്നു.