രാജ്യത്ത് കോവിഡ് വാക്സീൻ എടുത്തവരുടെ എണ്ണം 100 കോടി കഴിഞ്ഞു. 9 മാസം കൊണ്ടാണ് 100 കോവിഡ് വാക്സീൻ ഡോസുകൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇന്ന് 14 ലക്ഷത്തിലേറെ ഡോസുകൾ വിതരണം ചെയ്തു.
വാക്സിനേഷനിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി ആർഎംഎൽ ആശുപത്രിയിൽ സന്ദർശനം നടത്തി.
വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും, നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.
രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെ രണ്ട് ഡോസ് വാക്സീനും നൽകാനായത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,454 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് െചയ്തതായി േകന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,34,95,808 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 98.15 ശതമാനം. നിലവിൽ 1,78,831 പേരാണ് ചികിത്സയിലുള്ളത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.34 ശതമാനവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.48 ശതമാനവുമാണ്.