ഒളിംപിക്സ് വനിതാ ഹോക്കിയിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യൻ ടീം നടത്തിവന്ന സ്വപ്നക്കുതിപ്പിന് സെമിഫൈനലിൽ വിരാമം. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീനയാണ് സെമിയിൽ ഇന്ത്യൻ കുതിപ്പിന് തടയിട്ടത്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന ഇന്ത്യയെ തോൽപ്പിച്ചത്. മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ മരിയ നോയൽ ബാരിയോന്യൂവോ നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് അർജന്റീനയുടെ വിജയം. 18, 36 മിനിറ്റുകളിലായിരുന്നു മരിയയുടെ ഗോളുകൾ. ഇന്ത്യയുടെ ആശ്വാസഗോൾ രണ്ടാം മിനിറ്റിൽ ഗുർജീത് കൗർ നേടി. ക്വാർട്ടറിൽ ശക്തരായ ഓസ്ട്രേലിയയെ ഇന്ത്യ അട്ടിമറിച്ചപ്പോഴും വിജയഗോൾ ഗുർജീതിന്റെ വകയായിരുന്നു.
സ്വർണ, വെള്ളി പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ഒളിംപിക്സിലെ കന്നി മെഡലെന്ന സ്വപ്നവുമായി ഇന്ത്യ ഇനി വെങ്കല മെഡൽ പോരാട്ടത്തിന് ഇറങ്ങും. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ബ്രിട്ടനാണ് ഇന്ത്യയുടെ എതിരാളികൾ. 1980 മോസ്കോ ഒളിംപിക്സിൽ നേടിയ 4–ാം സ്ഥാനമാണ് ഇന്ത്യയുടെ ഇതിനു മുൻപുള്ള മികച്ച പ്രകടനം. വെള്ളിയാഴ്ച തന്നെ നടക്കുന്ന കലാശപ്പോരിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളികൾ. ആദ്യ സെമിയിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നെതർലൻഡ്സ് ബ്രിട്ടനെ തോൽപ്പിച്ചത്.
മൂന്നു തവണ ഒളിംപിക് ചാംപ്യൻമാരായ ഓസ്ട്രേലിയയെ ക്വാർട്ടറിൽ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ഇന്ത്യ സെമിയിലും ഉശിരൻ പ്രകടനമാണ് പുറത്തെടുത്തത്. ലോക റാങ്കിങ്ങിൽ കഴിഞ്ഞ ദിവസം 7–ാം സ്ഥാനത്തേക്കു കയറിയ ഇന്ത്യ രണ്ടാം റാങ്കുകാരായ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. രണ്ടാം മിനിറ്റിൽത്തന്നെ അർജന്റീനയെ ഞെട്ടിച്ച് ഇന്ത്യ ലീഡ് നേടിയതുമാണ്. എന്നാൽ, മരിയ നോയൽ ബാരിയോന്യൂവോയുടെ ഇരട്ടഗോളുകളിൽ അവർ ഇന്ത്യൻ സ്വപ്നം തകർത്ത് ഫൈനലിലേക്ക് മാർച്ച് ചെയ്തു.
2008ലും 2012ലും വെള്ളി നേടിയ അർജന്റീന 2016ൽ ക്വാർട്ടറിൽ തന്നെ പുറത്തായിരുന്നു. റിയോയിലെ വെങ്കല മെഡൽ ജേതാക്കളായ ജർമനിയെ 3–0നു തോൽപിച്ചാണ് അർജന്റീന സെമിയിലെത്തിയത്. സമീപകാലത്തെ നേർക്കുനേർ മത്സരങ്ങളിലും അർജന്റീനയ്ക്കായിരുന്നു മുൻതൂക്കം. ഒളിംപിക്സിനു മുൻപു നടന്ന അർജന്റീന പര്യടനത്തിൽ ഇന്ത്യൻ ടീം ഇതേ ടീമിനെതിരെ 2 മത്സരങ്ങൾ തോറ്റു. ഒന്നിൽ സമനില നേടി.