ഇന്ത്യൻ ടീമിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ പരിശീലക സംഘാംഗങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നീട്ടിവച്ചതായി റിപ്പോർട്ട്. ഇന്നു മുതൽ 14 വരെ മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് രണ്ടു ദിവസത്തേക്ക് നീട്ടിവച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ചാണ് മത്സരം നീട്ടിവച്ചതായി റിപ്പോർട്ടുകൾ വരുന്നത്. അഞ്ചാം ടെസ്റ്റിൽ കളിക്കുന്നതിൽ വിമുഖത വ്യക്തമാക്കി ഇന്ത്യൻ ടീമംഗങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) കത്തെഴുതിയതായി റിപ്പോർട്ടുണ്ട്.
ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിൽ ഒരാൾകൂടി കോവിഡ് ബാധിതനായതോടെയാണ് ഇന്ന് ആരംഭിക്കേണ്ട ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. ഇന്ത്യൻ ടീമിലെ ജൂനിയർ ഫിസിയോ യോഗേഷ് പർമാർ കോവിഡ് പോസിറ്റീവായതോടെ ഇന്നലത്തെ പരിശീലനം ഇന്ത്യൻ ടീം ഉപേക്ഷിച്ചിരുന്നു.
ഹോട്ടൽ മുറിക്കുള്ളിൽ തുടർന്ന താരങ്ങളെയെല്ലാം പിന്നീടു കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും എല്ലാവരും നെഗറ്റീവായി. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്ക ഒഴിവായതോടെ മത്സരം മുൻനിശ്ചയ പ്രകാരം മത്സരം നടത്താനുള്ള നടപടികൾ രാത്രി വൈകി പുനരാരംഭിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മത്സരം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെസ്റ്റ് നീട്ടിവയ്ക്കാൻ തീരുമാനിച്ചതായി വാർത്തകൾ പ്രചരിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്കു നാലാം ടെസ്റ്റിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രിയും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ 4 സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങളും ലണ്ടനിൽ ഐസലേഷനിൽ കഴിയുകയാണ്. മുഖ്യ ഫിസിയോ നിതിൻ പട്ടേലും ശാസ്ത്രിക്കൊപ്പം ഐസലേഷനിൽ പ്രവേശിച്ചതോടെയാണ് നാലാം ടെസ്റ്റ് മുതൽ ജൂനിയർ ഫിസിയോ യോഗേഷ് ചുമതലയേറ്റെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ടീമംഗങ്ങൾ ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നുവെന്നതാണ് ആശങ്ക വർധിപ്പിച്ചത്.