‘രണ്ടാം ഇന്നിങ്സ് സ്പെഷലിസ്റ്റ്’ എന്ന വിശേഷണത്തോട് നീതിപുലർത്തി രണ്ടും കൽപ്പിച്ച് സെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റൻ ദിമുത് കരുണരത്‌നെയ്ക്കും ശ്രീലങ്കയെ രക്ഷിക്കാനായില്ല. കാര്യമായ കാലതാമസ്സമില്ലാതെ ഇന്ത്യൻ ബോളർമാർ ‘ചടങ്ങു’കളെല്ലാം തീർത്തതോടെ, ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ദയനീയ തോൽവി. 238 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 447 റൺസിന്റെ കഠിനമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക, 59.3 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്തായി. മത്സരത്തിലെ ആദ്യ സെഞ്ചുറി കുറിച്ച കരുണരത്‌നെ, 107 റൺസെടുത്ത് പുറത്തായി. രണ്ടര ദിവസത്തോളം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം.
പിങ്ക് ബോൾ ടെസ്റ്റുകളിൽ ശ്രീലങ്കൻ താരങ്ങളുടെ പേരിലുള്ള രണ്ടു സെഞ്ചുറികളും കരുണരത്‌നെ നേടിയതാണ്. ഇതിനു മുൻപ് 2017ൽ പാക്കിസ്ഥാനെതിരെ ദുബായിലും പിങ്ക് ബോൾ ടെസ്റ്റിൽ കരുണരത്‌നെ സെഞ്ചുറി നേടിയിരുന്നു. അന്ന് 196 റൺസെടുത്ത് പുറത്തായി. ഈ വിജയത്തോടെ, രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 222 റൺസിനുമാണ് ശ്രീലങ്കയെ തോൽപ്പിച്ചത്.
ടെസ്റ്റിലെ 14–ാം സെഞ്ചുറി കുറിച്ച കരുണരത്‌നെ, 174 പന്തിലാണ് 107 റൺസെടുത്തത്. 15 ഫോറുകൾ സഹിതമാണ് ഇത്. കുശാൽ മെൻഡിസ് 60 പന്തിൽ എട്ടു ഫോറുകൾ സഹിതം 54 റൺസെടുത്തു. ഇവർക്കു പുറമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് നിരോഷൻ ഡിക്‌വല്ല മാത്രം. 39 പന്തിൽ 12 റൺസായിരുന്നു സമ്പാദ്യം. ലഹിരു തിരിമാന്നെ (0), എയ്ഞ്ചലോ മാത്യൂസ് (1), ധനഞ്ജയ ഡിസിൽവ (4), ചാരിത് അസാലങ്ക (5), ലസിത് എംബുൽദെനിയ (2), സുരംഗ ലക്മൽ (1), വിശ്വ ഫെർണാണ്ടോ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തി. 19.3 ഓവറിൽ 55 റൺസ് വഴങ്ങിയാണ് അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര മൂന്നും അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ, ടെസ്റ്റിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കൻ താരം ഡെയ്‌ൽ സ്റ്റെയ്നെയും മറികടന്നു. നിലവിൽ 442 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. ഇതിഹാസങ്ങളായ റിച്ചാർഡ് ഹാഡ്‌ലി, കപിൽ ദേവ്, രംഗണ ഹെറാത്ത് തുടങ്ങിയവരെയും അശ്വിൻ മറികടന്നത് ഇതേ പരമ്പരയിലാണ്.