മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ, ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം വ്യക്തമാക്കി. സമാധാനം തകർക്കുന്നത് ആരെന്ന് പൊലീസ് പരിശോധിക്കണം. സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.
സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിലുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സിപിഐ ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലായിരുന്നു കൊലപാതകം. വീടിനു സമീപത്തെ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പംനിന്ന ഷാജഹാനെ പരിസരത്തു കാത്തുനിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടിവീഴ്ത്തിയെന്നാണു വിവരം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.