സൗദിയിൽ ആശയവിനിമയ, വിവര സാങ്കേതിക വിദ്യാ മേഖലയിൽ 25 % സ്വദേശികളെ നിയമിക്കണമെന്ന നിയമം ഇന്ന് (ഞായർ) മുതൽ പ്രാബല്യത്തിൽ വരുമെന്നു മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് 25 % സ്വദേശിവൽക്കരണം നിർബന്ധമാകുന്നത്. ഇതിൽ നിന്നു ചെറുകിട സംരംഭങ്ങൾക്ക് ഇളവുണ്ട്. കമ്യുണിക്കേഷൻ ആൻഡ് ഐടി എൻജിനിയറിങ്, ആപ്ലിക്കേഷൻ ഡവലപ്മെന്റ്, പ്രോഗ്രാമിങ് ആൻഡ് അനാലിസിസ്, ടെക്നിക്കൽ സപ്പോർട്ട് എന്നീ ജോലികളാണ് പുതിയ നിയമം ബാധകമാകുക.
രാജ്യത്ത് ഓരോ മേഖലയിലും നടപ്പാക്കി വരുന്ന സ്വദേശിവൽക്കരണ നടപടികളുടെ തുടർച്ചയാണിത്. യോഗ്യരായ സ്വദേശികളെ ആകർഷിക്കുന്നതിനും ഈ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടി 2020 ഒക്ടോബർ 5 നായിരുന്നു മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇങ്ങനെ സ്വദേശിവൽക്കരണം നടപ്പാക്കുന്ന നിർദിഷ്‌ട തസ്തികളിൽ പ്രത്യേക ജോലികളിൽ സ്പെഷ്യലൈസ് ചെയ്തവർക്ക് 7000 സൗദി റിയാലും സാങ്കേതിക മേഖലയിലെ മറ്റു പ്രൊഫഷനലുകൾക്ക് 5000 റിയാലും ചുരുങ്ങിയ വേതനം നൽകണമെന്നതാണു പുതിയ നിയമത്തിലെ വ്യവസ്ഥ. ഈ മേഖലകളിൽ മാത്രം 9000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണു പദ്ധതി.
സിഐടി മേഖലയിൽ യോഗ്യരായ സൗദി ബിരുദധാരികൾക്ക് മാന്യമായ ജോലികൾ നേടുന്നതിനും സ്വകാര്യമേഖലയിൽ അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഇത് ഉപകരിക്കും. പുറമെ സ്വകാര്യമേഖലയുടെ വികസനത്തിനു വേണ്ടിയുള്ള സംഭാവനകൾ മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. എൻജിനിയർമാർ, ടെക്നിഷ്യന്മാർ എന്നിവർക്ക് പുറമെ അക്കൗണ്ടിങ് മേഖലയിലും ഇതേ മാതൃകയിൽ 30 ശതമാനം സ്വദേശിവത്കരണം ഈ മാസം 11 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. കൂടാതെ പ്രൊഫഷനൽ രംഗത്തെ യോഗ്യത പരിശോധിക്കുന്നതിനുള്ള പരീക്ഷയും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. 9800 പുതിയ തൊഴിലവസരങ്ങളായിരുന്നു അക്കൗണ്ടിങ് മേഖലയിലെ മാത്രം ലക്ഷ്യം. സ്വദേശിവൽക്കരണം കാര്യക്ഷമമാക്കുകയും വിദേശികളുടെ യോഗ്യത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെങ്കിലും മലയാളികൾ ഉൾപ്പെടെ ഈ രംഗത്തെ നിരവധി പ്രവാസികൾക്ക് ഇതു തിരിച്ചടിയാകും.