ഐടിബിപി ജവാന്മാരുമായി വന്ന ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു. പഹൽഘാമിലെ ഫ്രിസ്‌ലാനിലാണ് സംഭവം. 39 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 37 ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ജവാന്മാരും 2 ജമ്മു കശ്മീർ പൊലീസുകാരും ബസിൽ ഉണ്ടായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമെന്നു ഐടിബിപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അമർനാഥ് യാത്രയുടെ സുരക്ഷയ്ക്കായി ഡപ്യൂട്ട് ചെയ്യപ്പെട്ടവരായിരുന്നു ജവാന്മാർ. ചന്ദൻവാരിയിൽനിന്നാണ് ബസ് പുറപ്പെട്ടത്. ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ ശ്രീനഗറിലെ കൺട്രോൾ റൂമിലേക്കു പോരുകയായിരുന്നു ജവാന്മാർ. പരുക്കേറ്റവരെ തുടർചികിത്സയ്ക്കായി എസ്ഡിഎച്ച് പഹൽഗാമിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.