അഫ്ഗാനിസ്ഥാനിൽ നിന്നു പിൻമാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രതീക്ഷിച്ചതിലും നേരത്തേ അഫ്ഗാന്റെ പതനം ഉണ്ടായെന്നും അഫ്ഗാൻ സൈന്യം ചെറുത്തുനിൽപ്പ് ലവലേശം പോലും നടത്തിയില്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തത്. അല്ലാത്ത പക്ഷം സംഘർഷ സാധ്യത ഏറിയേനെ. അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ കാലങ്ങളായി പാളിപ്പോയ പല ചുവടുകളുമുണ്ടായിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയിൽ ഏറ്റെടുക്കുന്നു. അത് മാറ്റാർക്കും കൈമാറാനും ആഗ്രഹിക്കുന്നില്ല. മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിനു നടുവിൽ നിന്നു പോരാടാൻ സ്വന്തം സേനയോട് ഇനിയും പറയാൻ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.
നയതന്ത്ര ഓഫിസുകൾ അടച്ച് ഉദ്യോഗസ്ഥരെ സുരക്ഷിതമായി കൊണ്ടുവരാൻ കഴിഞ്ഞു. അഫ്ഗാൻ ജനതയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണമായിരുന്നില്ല യുഎസ് ലക്ഷ്യമെന്നും ബൈഡൻ വ്യക്തമാക്കി.