കാനഡയിൽ ഭരണത്തിലിരിക്കുന്ന ലിബറൽ പാർട്ടി തന്നെ വീണ്ടും സർക്കാരുണ്ടാക്കുമെന്നു റിപ്പോർട്ട്. വാശിയേറിയ തിരഞ്ഞെടുപ്പാണു നടന്നതെങ്കിലും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം സർക്കാർ രൂപീകരിച്ചാലും ട്രൂഡോയ്ക്കു മറ്റു പാർട്ടികളുമായി സഹകരിക്കേണ്ടിവരും.
സർക്കാരിന് ആവശ്യത്തിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണിത്. കോവിഡ് നാലാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ട്രൂഡോയുടെ നടപടി പ്രതിപക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു ജനങ്ങൾക്ക് ഉറപ്പു നൽകിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയെടുക്കാനും ട്രൂഡോയ്ക്കു മറ്റു കക്ഷികളുടെ പിന്തുണ വേണ്ടിവരും.