പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് പാലക്കാട്ടെ ദാരുണമായ കൊലപാതകത്തിലേക്കു നയിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനു ഗുരുതര വീഴ്ചയുണ്ടായി. ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതുപോലുള്ള സംഭവമാണ് പാലക്കാടും ഉണ്ടായത്. ശക്തമായ പൊലീസ് കാവൽ ഉണ്ടെന്നു പറഞ്ഞ്, വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകോപനപരമായ പ്രകടനങ്ങൾ പൊലീസ് കണ്ടില്ലെന്നു നടിച്ചു.
പാലക്കാട് ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ട സ്ഥലം നേരത്തേ വർഗീയ സംഘർഷം ഉണ്ടായ സ്ഥലമാണ്. അവിടെ ഒരു പൊലീസ് പിക്കറ്റ് ഏർപ്പെടുത്താനോ ജാഗ്രത പാലിക്കാനോ അധികൃതർ തയാറാകാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഒരു കേസിലും പ്രതിയല്ലാത്ത നിരപരാധിയായ ആർഎസ്എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. പൊലീസിനു സംഭവത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ആയുധ പരിശീലനം ലഭിച്ച ക്രിമിനലുകൾ റോന്ത് ചുറ്റിയിട്ടും പൊലീസ് ഒന്നും ചെയ്തില്ല.
പട്ടാപ്പകൽ കടയിൽ വച്ചാണ് ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായി. ഭീകര സംഘടനകൾക്കു മുന്നിൽ പൊലീസ് മുട്ടുമടക്കുന്നതായാണ് ഈ സംഭവം കാണിക്കുന്നത്. സാധാരണക്കാരുടെ രക്തം കൊണ്ട് ഭീകര സംഘടനകൾ അഴിഞ്ഞാടുന്നു. ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള അനുവാദം സംസ്ഥാന സർക്കാർ കൊടുക്കുകയാണോ എന്നു കരുതേണ്ടിയിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. പോപ്പുലർ ഫ്രണ്ട് പൗരാവകാശത്തിൽ വിശ്വസിക്കാത്ത ഭീകര സംഘടനയാണ്. അവരെ പൊലീസ് അഴിഞ്ഞാടാൻ വിട്ടിരിക്കുന്നു. സിപിഎമ്മാണ് അവരെ സഹായിക്കുന്നത്. അതവരുടെ രാഷ്ട്രീയ നിലപാടാണ്. പാലക്കാട്ടെ അക്രമത്തിൽ ബിജെപിക്കു പങ്കില്ല. പോപ്പുലർ ഫ്രണ്ടും ബിജെപിയും ഒരേപോലെയാണെന്നു വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെടാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.