അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം യുഎസ് ഡ്രോൺ ആക്രമണം. വിമാത്താവളത്തിലേക്ക് വരുകയായിരുന്ന ചാവേറുകൾ സഞ്ചരിച്ച വാഹനത്തിനു നേരേയാണ് ആക്രമണം നടത്തിയതെന്നും ഭീഷണി ഒഴിവായതായും യുഎസ് വ്യക്തമാക്കി. ജനവാസ മേഖലയിൽ നടന്ന സ്ഫോടനത്തിൽ ഒരു കുട്ടിയടക്കം രണ്ടു പേർ മരിച്ചു.
യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാൻ വക്താവും അറിയിച്ചു. യുഎസിന്റെ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിൽ ആക്രമണം നടത്താനെത്തിയ ഐഎസ്–ഖൊറസാന്റെ (ഐഎസ്–കെ) ചാവേർ വാഹനത്തെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണമാണെന്നാണ് താലിബാൻ വക്താവ് അറിയിച്ചത്.
അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണമാണ് ഇത്. വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തിനു തിരിച്ചടിയായി കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഐഎസ് ഖൊറസാൻ (ഐഎസ്–കെ) ഭീകരരുടെ കേന്ദ്രമായ നൻഗാർഹർ പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രി ആക്രമണം നടത്തിയിരുന്നു. 2 പ്രമുഖ ഐഎസ് ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് അറിയിച്ചു. ഉടൻ തിരിച്ചടിക്കാൻ യുഎസ് സേനയ്ക്ക് പ്രസിഡന്റ് ജോ ബൈഡൻ സമ്പൂർണ അധികാരം നൽകി മണിക്കൂറുകൾക്കകമായിരുന്നു ഡ്രോൺ ആക്രമണം….
വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 182 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു. ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.