കണ്ണൂർ സർവകലാശാലയുടെ സിലബസിനെ ചൊല്ലി വിവാദം. വി.ഡി. സവർക്കറുടെയും എം.എസ്. ഗോൾവാൾക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. ഗാന്ധിയേയും നെഹ്റുവിനേയും ഒഴിവാക്കിയെന്ന് ആരോപിച്ച് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചു.
കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് നിയമിച്ച എട്ടംഗ സമിതിയാണ് പുതുക്കിയ സിലബസ് തയാറാക്കിയത്. ആർഎസ്എസ് ആചാര്യൻമാരായ വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ എന്നിവരുടെ ലേഖനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. ദീനദയാൽ ഉപാദ്യായയുടെ ലേഖനവും സിലബസിലുണ്ട്. ഹിന്ദുത്വ അജൻഡ നടപ്പാക്കാനാണ് സർവകലാശാലയുടെ ശ്രമമെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു.
സിലബസിലെ കാവിവൽകരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സിലബസ് പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുകയല്ല ലക്ഷ്യമെന്നുമാണ് സിൻഡിക്കേറ്റിന്റെ വിശദീകരണം.