തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിലെ പ്രതികളിലൊരാൾക്ക് ഇടുക്കി കുമളിയിൽ റിസോർട്ട്. വായ്പത്തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണു റിസോർട്ട് നിർമാണമെന്നു സൂചനയുണ്ട്. റിസോർട്ട് നിർമാണം രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്.
കേസിലെ പ്രതി എ.കെ.ബിജോയിയും രണ്ടു സുഹൃത്തുക്കളും ചേർന്നു നിർമിച്ച റിസോർട്ട് ആണിത്. 18 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂന്നരക്കോടിയുടെ നിർമാണം മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. തേക്കടി റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2014 ലാണ് ബിജോയി കെട്ടിട നിർമാണ അനുമതിക്കായി കുമളി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. 3 പേരിൽ നിന്നായി വാങ്ങിയ സ്ഥലത്തിൽ ബിജോയിയുടെ പേരിലുള്ള 2.5 ഏക്കർ സ്ഥലത്തെ നിർമാണത്തിനാണ് ആദ്യം അനുമതി വാങ്ങിയത്.
2017ൽ കൂടുതൽ നിർമാണത്തിനുള്ള അനുമതി പഞ്ചായത്തിൽ നിന്നു നേടി. നിർമാണം തുടങ്ങിയെങ്കിലും ഫണ്ട് വരാതായതോടെ രണ്ടു വർഷം മുൻപ് റിസോർട്ട് നിർമാണം നിലച്ചു. കുമളി പഞ്ചായത്തിലെ പത്തുമുറി വാർഡിൽ ഉൾപ്പെട്ട സ്ഥലത്താണ് റിസോർട്ട്. നാട്ടുകാരനായ വ്യക്തിയാണ് ഇതിന്റെ കരാറെടുത്തിരുന്നത്. നിർമാണം നടത്തിയ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ട്.