കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുഖ്യപ്രതികളായ നാല് പേർ കസ്റ്റഡിയിൽ. ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരെയാണ് അയ്യന്തോളിലെ ഫ്ലാറ്റിൽനിന്നു ക്രൈംബ്രാഞ്ച് പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, പിപിഇ കിറ്റ് ധരിപ്പിച്ചാണ് നാലു പേരെയും കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കേസിലെ ആറു പ്രതികളുടെ വീട്ടിൽ രാവിലെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. തട്ടിപ്പുപണം ഉപയോഗിച്ചു നടത്തിയ നിക്ഷേപങ്ങളുടെ രേഖകൾ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ അവരവരുടെ വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും സൂചനയുണ്ട്.
പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ഇരിങ്ങാലക്കുടയില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനികളിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രേഡേഴ്സ്, തേക്കടി റിസോര്‍ട്സ്, മൂന്നാര്‍ ലക്സ്‌വേ എന്നീ കമ്പനികളെയാണ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയത്. ബാങ്കിൽനിന്നു തട്ടിയെടുത്ത പണം പ്രതികൾ നിക്ഷേപിച്ച കമ്പനികളാണ് ഇവ. ഈ പണം തിരിച്ചുപിടിക്കേണ്ടത് നിർണായകമാണ്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയും ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്.