കരുവന്നൂർ ബാങ്കു തട്ടിപ്പു കേസിൽ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ടുള്ള ഹർജിയെ സർക്കാർ ഹൈക്കോടതിയിൽ ശക്തമായി എതിർത്തു. നിലവിലുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് അന്വഷണം കാര്യക്ഷമമാണെന്നും സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
ഹർജിക്കാരന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും ഇയാളെ നേരത്തെ ബാങ്കിൽ നിന്നു പുറത്താക്കിയതിന്റെ വൈരാഗ്യമാണ് ഹർജിക്കു പിന്നിലെന്നും ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതികൾ അനധികൃതമായി വായ്പകൾ സമ്പാദിച്ചതിന്റെ രേഖകളും മറ്റും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെയെല്ലാം അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സിബിഐക്ക് അന്വേഷണം വിടരുതെന്നും സർക്കാർ അഭ്യർഥിച്ചു.
ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ–ഇഡി അന്വേഷണം ആവശ്യപ്പെട്ടാണ് തൃശൂർ പൊറത്തൂർ സ്വദേശി എം.വി. സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണകക്ഷിയുടെ സമ്മർദംമൂലം പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്നു കാണിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്. അഞ്ചുവർഷമായി തട്ടിപ്പു നടന്നിട്ടും സർക്കാർ അന്വേഷണം ഉണ്ടായില്ല. സാധാരണക്കാരുടെ പണം തട്ടിയെടുത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നു സംശയമുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേ സമയം കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോൾ 300 കോടിയിലേറെ തുകയുടെ തട്ടിപ്പു നടന്ന സംഭവം സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്നു സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. ഇഡിക്കും സിബിഐക്കും നോട്ടീസ് അയയ്ക്കാനും നിർദേശിച്ചിരുന്നു.