കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ ഭരണസമിതി പ്രസിഡന്റും അംഗങ്ങളുമടക്കം 4 പേർ അറസ്റ്റിൽ. സിപിഎം നേതാക്കളായ മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, ചക്രംപുള്ളി ജോസ്, ടി.എസ്. ബൈജു, വി.കെ. ലളിതൻ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ദിവാകരൻ പൊറത്തിശേരി ലോക്കൽ കമ്മിറ്റിക്കു കീഴിലെ മാടായിക്കോണം സ്കൂൾ ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു.നിലവിൽ സസ്പെൻഷനിലാണ്. ജോസ് മാപ്രാണം പള്ളി ബ്രാഞ്ച് കമ്മിറ്റിയംഗം, ബൈജു തളിയക്കോണം ബ്രാഞ്ച് അംഗമാണ്. ലളിതൻ സിപിഐ പ്രവർത്തകനാണ്.
300 കോടി രൂപയുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ കഴിഞ്ഞ മാസം പിടിയിലായിരുന്നു. സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും കരുവന്നൂര്‍ ബാങ്കിന്റെയും മുന്‍ സെക്രട്ടറിയായിരുന്നു ഇരിങ്ങാലക്കുട തളിയക്കോണം തൈവളപ്പില്‍ സുനില്‍ കുമാര്‍ (58). 21 വര്‍ഷം ബാങ്കിന്റെ സെക്രട്ടറിയായിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ ഒരേ ഭൂമിയുടെ ആധാരങ്ങള്‍ കാട്ടി പലതവണ ഉടമ അറിയാതെ വായ്പ എടുത്തെന്നായിരുന്നു പരാതി. ഇരിങ്ങാലക്കുട പൊലീസാണ് കേസന്വേഷിച്ചിരുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണം ഏല്‍പിക്കുകയായിരുന്നു.