ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിൽ കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചു. സുനിൽ കുമാർ (45) ആണ് ഭീകരരുടെ വെടിയേറ്റു മരിച്ചത്. വെടിവയ്പ്പിൽ സഹോദരൻ പിന്റു കുമാറിനു പരുക്കേറ്റു. പ്രദേശം വളഞ്ഞതായും അന്വേഷണം നടക്കുന്നതായും കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. പിന്റു കുമാറിനെ ആശുപത്രിയിലേക്കു മാറ്റി.
ബുദ്ഗാമിലെ സർക്കാർ ഓഫിസില്‍ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട് മൂന്നു മാസത്തിനു ശേഷമാണ് ഇപ്പോഴത്തെ ആക്രമണം. ബുദ്ഗാമിലെ ആക്രമണം വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു. ആക്രമണം ഭയന്ന് 5000 കശ്മീരി പണ്ഡിറ്റ് ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകുന്നില്ല. പ്രദേശത്തെ സ്ഥിതി മെച്ചപ്പെടുന്നതുവരെ ജമ്മുവിലേക്കു സ്ഥലം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ കശ്മീരിൽ നിരവധി ആക്രമണങ്ങളാണു നടന്നത്. കഴിഞ്ഞ ഒക്ടോബറിൽ, അഞ്ച് ദിവസത്തിനിടെ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.