ഐ.എന്‍.എല്ലിലെ തര്‍ക്കങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഐ.എന്‍.എല്‍ കാസിം ഇരിക്കൂര്‍ വിഭാഗം. കാന്തപുരവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കാസിം ഇരിക്കൂറിന്റെ പ്രതികരണം. ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന എല്‍.ഡി.എഫ് നിര്‍ദ്ദേശത്തെ ഗൗരവത്തോടെ കാണുന്നുവെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. അനുരഞ്ജനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുന്നതായി കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തരത്തിലുള്ള ആശയവിനിമയങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പിളര്‍ന്നാല്‍ രണ്ട് പേരും മുന്നണിക്ക് പുറത്തുപോകും എന്ന് ഇരുവിഭാഗത്തിനും നേരത്തെ സി.പി.എം നൽകിയ മുന്നറിയിപ്പും കാന്തപുരം എ.പി വിഭാഗത്തിന്റെ മധ്യസ്ഥ ചര്‍ച്ചകളുമാണ് ഇപ്പാള്‍ ഈ മഞ്ഞുരുക്കത്തിന് കാരണമെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവര്‍കോവിലും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിരുന്നു.
കാസിം ഇരിക്കൂര്‍ നേരത്തെ എ.പി അബ്ദുള്‍ വഹാബ് വിഭാഗവുമായി ആശയവിനിമയം നടത്തുകയും കാന്തപുരത്തെ കാണുകയും ചെയ്തിരുന്നു. ഇതോടെ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് തന്നെയാണ് കാസിം ഇരിക്കൂര്‍ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സമവായങ്ങൾക്കും ഇത് വഴിവെക്കുമെന്ന് ഉറപ്പാണ്.