നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് വിധി പ്രസ്താവിക്കും. ഹര്‍ജി തള്ളിയാല്‍ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും.
വാദത്തിനിടെ സര്‍ക്കാരിനെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. ഇത് വിധിയിലും പ്രതിഫലിച്ചാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.
2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യുഡിഎഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍ഡിഎഫിന്റെ ഭാഗമാണ്.