മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. നിയമസഭയിൽ എംഎൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും വിമർശനം. ധനബില്‍ പാസാക്കുന്നത് തടഞ്ഞവര്‍ക്ക് എന്ത് പരിരക്ഷയാണ് നല്‍കേണ്ടതെന്നു കോടതി ചോദിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് പരിഗണിക്കുന്നത്. കേസില്‍മുന്‍ പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല തടസഹര്‍ജി നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ആര്‍. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടുങ്ങുന്ന ബെഞ്ചാണ് ഹര്‍ജി ഇന്നത്തേക്കു മാറ്റിയത്.