മടിയിൽ കനമില്ലെന്നോ വഴിയിൽ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങൾക്ക് അറിയേണ്ടതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
ഷാഫി പറമ്പിൽ (കോൺഗ്രസ്– പ്രമേയാവതാരകൻ), മാത്യു കുഴൽനാടൻ (കോൺഗ്രസ്), എൻ.ഷംസുദ്ദീൻ (മുസ്‌ലിം ലീഗ്), കെ.കെ.രമ (ആർഎംപി), മോൻസ് ജോസഫ് (കേരള കോൺഗ്രസ്), വി.ഡി.സതീശൻ (കോൺഗ്രസ്) എന്നിവർക്കാണ് പ്രതിപക്ഷ നിരയിൽ ചർച്ചയിൽ സംസാരിക്കാൻ അവസരം.
ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്വര്‍ണക്കടത്തു വിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചത്. രണ്ടു മണിക്കൂറാണ് ചർച്ച. ഷാഫി പറമ്പില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവുമായി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തുനിന്ന് എംഎല്‍എമാര്‍ ബഹളം വച്ചു. രഹസ്യമൊഴി സഭയില്‍ ഉന്നയിക്കരുതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.
ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വര്‍ണക്കടത്തു കേസ് സഭയില്‍ ചര്‍ച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചായിരുന്നു.