ഒളിപ്പിക്കപ്പെട്ട കോവിഡ് മരണക്കണക്കുകള്‍ പുറത്തേക്ക്. 17 ദിവസംകൊണ്ട് ആറായിരത്തോളം മരണങ്ങളാണ് ഒൗദ്യോഗിക പട്ടികയില്‍പെടുത്തിയത്. ബന്ധുക്കള്‍ അപ്പീല്‍ നൽകാതെ തന്നെ 3779 മരണങ്ങള്‍ കണക്കുകളില്‍ കയറി വന്നു. കോവിഡ് മരണക്കണക്കുകള്‍ ഒളിപ്പിക്കുന്നുവെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ജൂണ്‍ പകുതി മുതല്‍ കണക്കുകള്‍ ഏകദേശം സുതാര്യമായിത്തുടങ്ങിയത്.
ജൂണ്‍ 18 നു മുൻപുള്ള ഒൗദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്താത്ത കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞു. ഒക്ടോബര്‍ 22 മുതലാണ് ഒഴിവാക്കിയ കണക്കുകള്‍ വെളിച്ചം കണ്ടു തുടങ്ങിയത്. അന്നു വ്യക്തമായ രേഖകളില്ലാത്ത കാരണം ഒഴിവാക്കിയതെന്ന പേരില്‍ 292 മരണങ്ങള്‍ കണക്കില്‍ കയറ്റി. പിന്നെ എല്ലാ ദിവസവും 200 മുതല്‍ 600 വരെ മരണങ്ങള്‍ ഒൗദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. ഇതുവരെ കണക്കില്‍പെടുത്തിയത് 5998 മരണങ്ങള്‍.
അപ്പീല്‍ നൽകാതെ 3779 മരണങ്ങള്‍ ഒൗദ്യോഗിക പട്ടികയിലേക്കു വന്നുവെന്നതു സൂചിപ്പിക്കുന്നത് കണക്കുകളൊക്കെ സര്‍ക്കാരിന്റെ കൈവശം തന്നെ ഭദ്രമായിരുന്നുവെന്നുകൂടിയാണ്. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായെന്ന പേരില്‍, മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്ന കാരണം പറഞ്ഞൊക്കെയാണു മരണക്കണക്കുകള്‍ കുറച്ചു കാണിച്ചത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്ന സാഹചര്യം വന്നതോടെ വ്യാപക പരാതിയുയര്‍ന്നു. ഇതോടെയാണു കണക്കുകള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 34362 ആയി ഉയര്‍ന്നു.