സംസ്ഥാന പൊലീസ് മേധാവി വൈ.അനില്‍ കാന്ത് ഐപിഎസിന്റെ സേവന കാലാവധി രണ്ടു വർഷത്തേക്കു നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനു മുൻപ് വിരമിക്കുന്നവർക്കു വേണമെങ്കിൽ സ്വമേധയാ സ്ഥാനം ഒഴിയാം.
1988 ബാച്ചിലെ ഐപിഎസ് ഓഫിസറായ അനിൽ കാന്തിന്റെ സേവനം 2023 ജൂൺ 30വരെയാണ് നീട്ടിയത്. അല്ലെങ്കിൽ 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനാണ് അനിൽകാന്ത് ഡിജിപിയായി അധികാരമേറ്റത്. നിയമിക്കപ്പെടുമ്പോൾ ഏഴുമാസം സർവീസാണ് ശേഷിച്ചിരുന്നത്. നിയമന ഉത്തരവിൽ 2 വർഷത്തേക്കാണ് നിയമനം എന്നു രേഖപ്പെടുത്തിയിരുന്നില്ല. അനിൽകാന്ത് 7 മാസം കഴിഞ്ഞു വിരമിക്കുമ്പോൾ സീനിയോറിറ്റിയിൽ മുന്നിലുള്ള ടോമിൻ ജെ.തച്ചങ്കരി ഉൾപ്പെടെയുള്ളവരെ പരിണിക്കാനായിരുന്നു ധാരണ. സർക്കാർ തീരുമാനം മാറ്റിയതോടെ സീനിയോറിറ്റിയിൽ മുൻപിലുള്ള സുധേഷ് കുമാർ, ബി.സന്ധ്യ, ടോമിൻ ജെ.തച്ചങ്കരി എന്നിവരുടെ സാധ്യകൾ ഇല്ലാതായി. ബി.സന്ധ്യ 2023 മെയ് മാസം വിരമിക്കും. സുധേഷ് കുമാർ 2022 ഒക്ടോബറിലും ടോമിൻ ജെ.തച്ചങ്കരി 2023 ജൂണിലും വിരമിക്കും.
കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും പ്രവർത്തിച്ചു.
എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത് സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എഡിജിപി ആയും ജോലി നോക്കി. ഡൽഹി സ്വദേശിയാണ്.