ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ രണ്ട് വിവാദ ഉത്തരവുകള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനവും കുട്ടികളുടെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ചിക്കനും ബീഫും ഒഴിവാക്കണമെന്ന തീരുമാനവുമാണ് കോടതി സ്‌റ്റേ ചെയ്തത്. ലക്ഷദ്വീപ് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം. ഹര്‍ജികളില്‍ അന്തിമ ഉത്തരവ് വരുംവരെ ഈ സ്റ്റേ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെയാണ് തീരുമാനം സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തീരുമാനങ്ങള്‍ക്ക് പിന്നില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് ദുരുദേശങ്ങളുണ്ടായിരുന്നെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് നീക്കം ചെയ്തതിന് പിന്നിലും രാഷ്ട്രീയനീക്കമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.