സിപിഎം യൂണിയൻ നേതാവായ ഡൽഹി കേരള ഹൗസ് ജീവനക്കാരനെ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രോട്ടോകോൾ ഓഫിസറായി നിയമിച്ചു. കേരള ഹൗസിലെ ഫ്രണ്ട് ഓഫിസ് മാനേജരായ കെ.എം. പ്രകാശനെയാണ് വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ വിമാനത്താവളത്തിൽ നിയമിച്ചത്. കേരള ഹൗസിലെ പ്രോട്ടോകോൾ ഓഫിസർ തസ്തികയിലേക്കു ചട്ടങ്ങൾ മറികടന്ന് പ്രകാശനെ നിയമിക്കുന്നതിനു മുന്നോടിയായി ജോലി മുൻപരിചയത്തിനു വേണ്ടിയാണ് വിമാനത്താവളത്തിലെ നിയമനമെന്നാണ് ആക്ഷേപം.
പ്രകാശൻ ഇപ്പോൾ ജോലി ചെയ്യുന്ന കേരളഹൗസിലെ ഫ്രണ്ട് ഓഫിസ് മാനേജരുടെ പോസ്റ്റ് ഗസറ്റഡ് പോസ്റ്റല്ല. കേരളഹൗസ് പ്രോട്ടോകോൾ ഓഫിസറുടെത് ഗസറ്റഡ് പോസ്റ്റാണ്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ളവരാണ് ഈ പോസ്റ്റിലുണ്ടാകേണ്ടത്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്ത അനുഭവം വച്ച് 6 മാസം കഴിയുമ്പോൾ പ്രകാശനെ കേരള ഹൗസിലെ പ്രോട്ടോകോൾ ഓഫിസറാക്കാനാണ് നീക്കമെന്ന് ജീവനക്കാർ പറയുന്നു. കണ്ണൂർ വിമാനത്താവളത്തിലെ പ്രോട്ടോകോൾ ഓഫിസറായാലും പ്രകാശൻ ഗസറ്റഡ് ഓഫിസറാകില്ല. അതൊന്നും കണക്കിലെടുക്കാതെ കേരളഹൗസ് പ്രോട്ടോകോൾ ഓഫിസറായി നിയമനം നടത്താനാണ് നീക്കം നടക്കുന്നത്.
1997ലാണ് റിസപ്ഷൻ അസിസ്റ്റന്റായി പ്രകാശൻ ജോലിയിൽ കയറുന്നത്. പിന്നീട്, ഫ്രണ്ട് ഓഫിസ് മാനേജർ എന്ന പോസ്റ്റ് ചട്ടങ്ങൾ മറിടന്ന് ഉണ്ടാക്കി നിയമിച്ചു. സെലക്ഷൻ പോസ്റ്റായതിനാൽ കേരളഹൗസ് പ്രോട്ടോകോൾ ഓഫിസറായി പ്രകാശനെ നിയമിക്കാൻ കഴിയില്ല. സെക്രട്ടേറിയേറ്റിലെ സംഘടനകളാണ് ഇതിനെതിരെ പ്രതികരിക്കേണ്ടതെങ്കിലും അവരെല്ലാം നിശബ്ദരാണ്. എൻജിഒ യൂണിയൻ ഡൽഹി ബ്രാഞ്ച് സെക്രട്ടറിയാണ് പ്രകാശൻ. കണ്ണൂർ സ്വദേശിയാണ്. മറ്റു സംസ്ഥാനങ്ങളിലെ കേരള ഹൗസുകളിൽ അവിടങ്ങളിലെ പിഎസ്സിയാണ് നിയമനം നടത്തുന്നതെങ്കിലും കേരളഹൗസിലെ നിയമനം പിഎസ്സിക്കു വിട്ടിട്ടില്ല. പാർട്ടി അനുഭാവികളെയാണ് പിൻവാതിൽവഴി നിയമിക്കുന്നത്.