സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി കേരളം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാൽ അതിന്റെ പങ്ക് സംസ്ഥാനങ്ങൾക്ക് നൽകിയില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നൽകുന്നതു പോലെയെന്നും ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. നികുതി കുറയ്ക്കുമെന്ന് ബാലഗോപാൽ ഇന്നലെ പറഞ്ഞിരുന്നു.
ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ടു രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു.