കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2019 ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശിയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ജനുവരി 31 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയും, പൊതുഭരണ, ധനകാര്യ സെക്രട്ടറിമാരും ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പണിമുടക്കില്‍ പങ്കെടുത്തുള്ളവര്‍ക്ക് മുമ്പും ശമ്പളത്തോടെ അവധി അനുവദിച്ചിട്ടുണ്ട് എന്ന് അപ്പീലില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഫീസില്‍ ഹാജരാകാത്ത എല്ലാവരും പൊതു പണിമുടക്കിനോട് യോജിപ്പ് ഉള്ളവര്‍ ആയിരുന്നില്ല. വാഹന സൗകര്യവും മറ്റും ഇല്ലാത്തതിനാലും ചിലര്‍ക്ക് ഓഫീസില്‍ എത്താന്‍ ആയില്ല. കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കുന്നവര്‍ക്ക് മാത്രമാണ് അവധി അനുവദിക്കുന്നത്. ശമ്പളത്തോടെ അവധി അനുവദിക്കുന്നത് സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കുന്നില്ലെന്നും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സി കെ ശശി ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണിമുടക്ക് ദിവസം ജോലിക്കു ഹാജരാകാത്തവര്‍ക്കു ശമ്പളത്തിന് അര്‍ഹതയില്ലെന്നു കാണിച്ച് പൊലീസ് ഫിംഗര്‍പ്രിന്റ് ബ്യൂറോ റിട്ട. ഡയറക്ടര്‍ ജി. ബാലഗോപാലന്‍ ആണു കോടതിയിലെത്തിയത്. 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന ദേശിയ പണിമുടക്കില്‍ ബിഎം എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്തിരുന്നു.