വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കിസാന്‍ മഹാപഞ്ചായത്തിന്റെ ആഹ്വാനം. മഹാത്മ ജ്യോതിറാവു ഫുലെയുടെ ചരമദിനത്തില്‍ ആസാദ് മൈതാനത്ത് ഒത്തുചേര്‍ന്ന കിസാന്‍ മഹാപഞ്ചായത്തിലാണ് ഈ ആഹ്വാനം ഉയര്‍ന്നത്.
സംയുക്ത ഷേത്കാരി കാംഗാര്‍ മോര്‍ച്ചയുടെ (എസ്എസ്‌കെഎം)ബാനറില്‍ നടന്ന മഹാപഞ്ചായത്ത്, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന്റെ ‘ചരിത്രവിജയം’ ആഘോഷിക്കുകയും മറ്റു ആവശ്യങ്ങള്‍ക്കായി പോരാടാനുള്ള സമരത്തിന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ എല്ലാ ജാതി-മത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍, തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തതായി മഹാപഞ്ചായത്ത് സംഘാടകര്‍ അവകാശപ്പെട്ടു.
സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ രാകേഷ് ടികായത്ത്, ഡോ.ദര്‍ശന്‍ പാല്‍, ഹന്നാന്‍ മൊല്ല തുടങ്ങിയവര്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
എംഎസ്പി(താങ്ങുവില) ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ചര്‍ച്ചയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് ടികായത് ആരോപിച്ചു. കാര്‍ഷിക, തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളില്‍ ശ്രദ്ധ ആവശ്യമാണെന്നും അവ ഉയര്‍ത്തിക്കാട്ടാന്‍ തങ്ങള്‍ രാജ്യത്തുടനീളം സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.