കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 53 ദിവസം നിർത്തിയിട്ട കൊച്ചി മെട്രോ നാളെ വീണ്ടും സർവീസ് തുടങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരിക്കും സർവീസ്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമായിരിക്കും സർവീസ്. യാത്രക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മാറ്റമുണ്ടാകാം.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ, സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് സ്ഥിരം യാത്രക്കാരിൽനിന്ന് നിരവധി അന്വേഷണങ്ങളാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസുകൾ. യാത്രക്കാർക്കായി സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളിൽ തെർമൽ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ സർവീസ് തുടങ്ങും മുമ്പ് ഫോഗിങ് നടത്തുകയും സർവീസ് അവസാനിക്കുമ്പോൾ ട്രെയിനുകൾ വൃത്തിയാക്കുകയും ചെയ്യും.
യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. പരമാവധി കൊച്ചി വൺ സ്മാർട് കാർഡ് ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്.