കോൺഗ്രസുകാരുടെ ദേശീയ പാത ഉപരോധത്തിനെതിരെ രംഗത്തെത്തിയതിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപം തുടരുന്നെന്ന പരാതിയുമായി നടൻ ജോജു ജോർജ് കോടതിയിൽ. ജോജുവിന്റെ വാഹനം തകർത്ത കോൺഗ്രസ് പ്രവർത്തകൻ തൈക്കൂടം സ്വദേശി പി.ജി.ജോസഫിന്റെ ജാമ്യ ഹർജിയിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് നടൻ കോടതിയിൽ അപേക്ഷ നൽകി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. തനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നാണ് ജോജുവിന്റെ ആവശ്യം. ജാമ്യഹര്‍ജി 2.30ന് പരിഗണിക്കും.
അതേസമയം, സംഭവത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ ഉൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകളിൽ കേസെടുത്തിട്ടുള്ള സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഒത്തു തീർപ്പു ചർച്ചയ്ക്കു ശ്രമം നടത്തിയിരുന്നു. ജോജുവിന്റെ സഹപ്രവർത്തകർ വഴിയുള്ള ഒത്തുതീർപ്പിനായിരുന്നു ശ്രമം. ജോജു കേസിൽ കക്ഷി ചേരാൻ എത്തിയ സാഹചര്യത്തിൽ ഒത്തുതീർപ്പു സാധ്യത വിദൂരമായി.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ വിവിധ പരാതികളുമായി ജോജുവിനെതിരെ രംഗത്തെത്തിയിരുന്നു. നടൻ മാസ്ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കണം എന്ന ആവശ്യവുമായി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയെന്നും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി ജോജു കോടതിയിലെത്തിയിരിക്കുന്നത്.