കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്ന് ഉറപ്പിച്ച് പൊലീസ് കുറ്റപത്രം. ബിജെപി തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതില്‍ അന്വേഷണം തുടരുകയാണ്. നഷ്ടപ്പെട്ടതില്‍ രണ്ടരക്കോടി കണ്ടെത്താന്‍ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകന്‍ അടക്കം 19 ബിജെപിക്കാരെ സാക്ഷിപ്പട്ടികയിലും ചേര്‍ത്തു.
ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. തിരഞ്ഞെടുപ്പു ചെലവിന് പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ മാര്‍ഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഈ മാര്‍ഗനിർദേശങ്ങള്‍ ബിജെപി ലംഘിച്ചോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.
പണം കൊണ്ടുവന്നതു ബിജെപിക്കു വേണ്ടിയാണെന്ന് പരാതിക്കാരന്‍ ധര്‍മരാജന്‍ നല്‍കിയ മൊഴിയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോടുനിന്ന് ആലപ്പുഴയിലേക്ക് പണം കൊണ്ടുപോയത് ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളുടെ അറിവോടെയാണ്. ഇവരുടെ മൊഴി കണക്കിലെടുത്ത് കേസില്‍ സാക്ഷികളാക്കി.
പൊലീസ് അന്വേഷിച്ചത് മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസാണെങ്കിലും പണത്തിന്റെ ഉറവിടവുമായി ബിജെപിക്കു ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതാണ് കുറ്റപത്രം. ഇതുവരെ പണത്തിന്റെ കൃത്യമായ കണക്കു കാണിക്കാന്‍ പരാതിക്കാരനു കഴിഞ്ഞിട്ടില്ല. കള്ളപ്പണമായതിനാല്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ സംഘത്തിലെ 22 പേര്‍ക്കെതിരെയാണ് കുറ്റപത്രം. 217 സാക്ഷികള്‍. 622 പേജുകള്‍.
ഇനി രണ്ടു കാര്യത്തില്‍ അന്വേഷണം തുടരും. ഒന്ന്, തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട്. രണ്ടാമത്, കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ രണ്ടരക്കോടി കണ്ടെത്താനും. അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രമുഖ അഭിഭാഷകന്‍ എന്‍.കെ. ഉണ്ണികൃഷ്ണനാണ് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍.