യുക്രെയ്നുമായി ചർച്ച നടത്താൻ തയാറെന്ന് അറിയിച്ച് റഷ്യ. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലാറൂസിൽവച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ നിലപാട്. ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ട്.
ആക്രമണം നിർത്തിവച്ചാൽ ചർച്ചയ്ക്കു തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. ബെലാറൂസ് വഴി യുക്രെയ്ൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ല. കഴിഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയൻ മേഖലകൾ ആക്രമിച്ചു. ആംബുലൻസുകൾക്കു നേരെ വെടിയുതിർത്തതായും സെലെൻസ്കി വ്യക്തമാക്കി.
അതേസമയം റഷ്യൻ സൈന്യം ഞായറാഴ്ച യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കീവിൽ ആക്രമണം തുടങ്ങി. ഹാർകീവിലെ തെരുവുകളടക്കം റഷ്യൻ സൈന്യം ആക്രമിക്കുന്നതായാണു വിവരം. കീഴടങ്ങാനില്ലെന്നു യുക്രെയ്ൻ ഞായറാഴ്ചയും നിലപാടെടുത്തു. യുക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കുമെന്നു ജർമനി പ്രതികരിച്ചു.